Sunday, October 4, 2009

Questions Mount in India on Executions Attributed to the Police 

AHMEDABAD, India — The tableau was as improbable as it was grisly. The bullet-riddled bodies of four Muslims lay neatly lined up in the middle of a road. One of the dead cradled a machine gun. Bomb-making chemicals and a suitcase full of cash sat in the trunk of their car. Intelligence reports had identified the four as terrorism suspects.

Read here (Newyork times)

Wednesday, September 9, 2009

ഏറ്റുമുട്ടല്‍കൊലകള്‍ നല്‍കുന്ന പാഠം

19കാരിയായ കോളജ് 
വിദ്യാര്‍ഥിനി ഇശ്‌റത് ജഹാന്‍ ഉള്‍പ്പെടെ നാലുപേരെ ഗുജറാത്ത് പോലിസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്നുള്ള അഹ്്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ജഡ്ജിയുടെ അന്വേഷണറിപോര്‍ട്ട് ഹിന്ദുത്വരുടെ പോസ്റ്റര്‍ ബോയ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കേറ്റ മറ്റൊരു അടിയായിരുന്നു. ഹിന്ദുത്വത്തിന്റെ സംരക്ഷകനായ തന്നെയാരൊക്കെയോ ചേര്‍ന്നു കൊല്ലാന്‍ വരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമം മോഡി തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. എന്നാല്‍, ഹിന്ദുത്വത്തിന്റെ വളയത്തിനു പുറത്തുകൂടി ചാടാന്‍ കെല്‍പ്പുള്ള അപൂര്‍വം മാധ്യമപ്രവര്‍ത്തകരും കുറേ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇനിയും വിശ്വാസ്യത കൈമോശം വന്നിട്ടില്ലാത്ത കോടതിയുടെ സഹായത്തോടെ സത്യം വിളിച്ചു പറഞ്ഞു 
കൊണ്ടേയിരിക്കുന്നു.
ആദ്യം സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയാണ് ഡി.സി.പി ജി ഡി വന്‍സാരയുടെ നേതൃത്വത്തില്‍ ഗുജറാത്ത് പോലിസ് 'കടുത്ത ഏറ്റുമുട്ടലി'ലൂടെ വധിച്ചത്. 2005 നവംബര്‍ 26നായിരുന്നു അത്. ബസ്സില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയ സുഹ്്‌റബുദ്ദീനെയും ഭാര്യയെയും ഗാന്ധിനഗറിലെ ഒരു ഫാം ഹൗസില്‍ പൂട്ടിയിട്ടു. ശേഷം  സുഹ്‌റബുദ്ദീനെ മാത്രം പുറത്തേക്കു പിടിച്ചു കൊണ്ടു പോയി നാടകം സൃഷ്ടിച്ച് വെടിവച്ചു കൊന്നു. തെളിവ് നശിപ്പിക്കാന്‍ ഭാര്യ കൗസര്‍ബിയെ കൊന്നു കത്തിച്ചു. മോഡിയെ കൊല്ലാന്‍ വന്ന ലശ്കര്‍ ഭീകരന്‍ സുഹ്‌റബുദ്ദീനെ തങ്ങള്‍ അതിധീരമായി വകവരുത്തി എന്ന് വന്‍സാരയും കൂട്ടരും വിളിച്ചു പറഞ്ഞപ്പോള്‍ പത്രമുത്തശ്ശിമാര്‍ അതു തൊണ്ട തൊടാതെ വിഴുങ്ങി. സുഹ്്‌റബുദ്ദീന്‍ വന്ന വഴിയും പോയ വഴിയുമൊക്കെ ഗ്രാഫ് വരച്ച് തെളിയിച്ചു. ചര്‍ച്ച നടന്നത് ദുബയില്‍, ഗൂഡാലോചന നടന്നത് പാകിസ്താനില്‍... അങ്ങനെയങ്ങനെ എക്‌സ്‌ക്ലൂസീവുകള്‍ ഒന്നിനു പിറകെ ഒന്നായി പിറന്നു. പക്ഷേ ഒടുവില്‍ കോടതിയുടെ ഇടപെടല്‍ മൂലം സത്യം പുറത്തു വന്നു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും കളിച്ചവരെ ലോകം തിരിച്ചറിഞ്ഞു. വന്‍സാര ജയിലിലായി. എന്നാല്‍, അതിനു മുമ്പേ നാടകങ്ങള്‍ പലതും അരങ്ങേറിയിട്ടുണ്ടെന്ന് ലോകം അറിഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് 2004 ജൂണ്‍15ന് മലയാളിയായ ജാവീദ് ഗുലാം ശെയ്ഖുള്‍പ്പെടെ നാലു പേരെ ലശ്കറെ ത്വയ്യിബ ഭീകരരെന്നു മുദ്രചാര്‍ത്തി വെടിവച്ചു കൊന്നത് അതിലൊന്നു മാത്രം.
നാലുപേരെയും വധിച്ചതു പണത്തിനും സ്ഥാനക്കയറ്റത്തിനും മോഡിയുടെ ഇമേജ് നന്നാക്കുന്നതിനും പോലിസ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു എന്നു കോടതി വിളിച്ചു പറഞ്ഞിരിക്കുന്നു.
പൂനെയില്‍ വിദ്യാര്‍ഥിനിയായ ഇശ്‌റത് ജഹാന്‍ ശെയ്ഖും മലയാളിയായ ജാവീദ് ഗുലാം ശെയ്ഖ്  എന്ന പ്രാണേഷ് കുമാറും അംജത് അലി എന്ന രാജ്കുമാര്‍ അക്ബര്‍ അലി റാണയും ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനിയുമായിരുന്നു നാടകത്തിലെ കഥാപാത്രങ്ങള്‍. മലയാള പത്രങ്ങള്‍ ജാവീദിന്റെ പാകിസ്താന്‍ ബന്ധവും മലപ്പുറത്ത് ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്ന കഥകളുമൊക്കെ ഇന്റലിജന്‍സ് വൃത്തങ്ങളെയും പേരറിയാത്ത ഉന്നത പോലിസ് കേന്ദ്രങ്ങളെയുമൊക്കെ ഉദ്ധരിച്ചു വായനക്കാര്‍ക്കു മുന്നില്‍ വിളമ്പി. മുസ്്‌ലിംകള്‍ കൂടുതല്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലായി. ദൃശ്യമാധ്യമങ്ങളില്‍ അവതാരകര്‍ കഥകളും ഉപകഥകളുമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇരകളുടെ കുടുംബം അന്യവല്‍ക്കരണത്തിന്റെയും അപമാനത്തിന്റെയും തീ തിന്നുകഴിയുകയായിരുന്നു. പക്ഷേ അവര്‍ നീതിയുടെ കനിവു തേടി യാത്ര തുടര്‍ന്നു.
ബട്‌ല ഹൗസില്‍ ഏറ്റുമുട്ടലിലൂടെ 'തീവ്രവാദികളെ' വധിച്ചുവെന്ന പോലിസിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചതു വിദ്യാര്‍ഥികളുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും ദൃക്‌സാക്ഷികളുടെ മൊഴിയുമായിരുന്നു. വിദ്യാര്‍ഥികളെ കുനിച്ചിരുത്തി തൊട്ടടുത്തു നിന്നു വെടിവച്ചതിനു തെളിവുപകരുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പോലിസിന്റെ വാദം തകര്‍ന്നു. എന്നാല്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് വിശദമായ അന്വേഷണമോ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയോ ഉണ്ടായില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഈ കുറ്റകൃത്യത്തിനു മേല്‍ കൈയൊപ്പു ചാര്‍ത്തി.
മണിപ്പൂരില്‍ സായുധരായ പോലിസ് സംഘം നിരപരാധിയായ യുവാവിനെ വെടിവച്ചുകൊല്ലുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതും അടുത്തിടെയാണ്. പബ്ലിക് ടെലഫോണ്‍ ബൂത്തില്‍ ഫോണ്‍ചെയ്യാനെത്തിയ യുവാവിനെ വെടിവച്ചുകൊല്ലുകയും തീവ്രവാദിയാണെന്നു വരുത്തിത്തീര്‍ക്കുകയുമായിരുന്നു പോലിസ് ചെയ്തത്.  ബംഗാളിലും ചത്തീസ്ഗഡിലുമൊക്കെ വ്യവസായികള്‍ക്കു വേണ്ടി തങ്ങളുടെ ഭൂമി അപഹരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരേ സമരം ചെയ്യുന്ന ആദിവാസികളെ മാവോവാദികളാക്കി വെടിവച്ചു കൊന്നുകൊണ്ടിരിക്കുന്നു. അതിനു വേണ്ടി കേന്ദ്ര സഹായത്തോടെ പ്രത്യേക സേന തന്നെ രൂപീകരിച്ചിരിക്കുന്നു.
ഇനിയുമെത്ര ഭീകരന്‍മാരായ ജാവീദുമാര്‍ നിരപരാധിയായ പ്രാണേഷ് കുമാറുമാരാവാനിരിക്കുന്നു.
സ്ഥാനമാനങ്ങള്‍ തേടുന്ന പോലിസുകാരും സെന്‍സേഷനലിസത്തിന്റെയും മുസ്്‌ലിംവേട്ടയുടെയും പിന്നാലെ പായുന്ന മാധ്യമങ്ങളും ചേര്‍ന്നു തുലച്ചു കളയുന്ന ആ ജീവിതങ്ങള്‍ ആരു തിരിച്ചു നല്‍കും? അവരുടെ അമ്മമാരുടെ, വിധവകളുടെ, പിഞ്ചുമക്കളുടെ നിലവിളിക്ക് ആര് ഉത്തരം നല്‍കും? തങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണും കൂരയും വിട്ട് ചേരികളുടെ മൂലകളിലേക്കു തള്ളപ്പെടുന്ന ആദിവാസികളുടെയും ദലിതുകളുടെയും കണ്ണീര് എന്നു തോരും? ജനങ്ങളുടെ മനസ്സില്‍ ഭീതിയുടെയും സംശയത്തിന്റെയും വിത്തു പാകി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന ഈ ശക്തികളെ ആരു പിടിച്ചു കെട്ടും?. അഭിപ്രായം പറയേണ്ടത് വായനക്കാരായ നിങ്ങളാണ്.

Followers